തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറി വന്ന കാർഷിക സംസ്കൃതിയിൽ പുതു പുത്തൻ ഏടുകൾ കൂട്ടി ചേർക്കുകയാണ് മടവൂർ ഗവൺമെൻറ് എൽ പി എസിലെ കുട്ടി കർഷകർ. കൈമോശം വന്നു എന്ന് കരുതിയ കാർഷിക പാഠങ്ങളെ ജീവിതപാഠങ്ങൾ ആക്കി മാറ്റി കൃഷിയെ സ്നേഹിക്കുന്ന, മണ്ണിനെ സ്നേഹിക്കുന്ന ഒരു തലമുറ യിലേക്കുള്ള സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെയും മടവൂർ കൃഷിഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു വരുന്ന കാർഷിക പ്രവർത്തനങ്ങൾ.
കോവിഡ് മഹാവ്യാധിയ്ക്കിടയിലും നിലം ഒരുക്കാനും വിത്തെറിയാനും ഞാറ്റുപാട്ട് പാട്ടുപാടാനുമൊക്കെ ഔത്സുക്യം കാണിച്ച കുട്ടി കർഷകർ ഇന്ന് വിളവെടുപ്പ് തിരക്കിലാണ്. യുവ കർഷകനായ ശ്രീ സജിത്ത് ഉൾപ്പെടെ നിരവധി സുമനസ്സുകളുടെ പങ്കാളിത്തം കൂടി ആയപ്പോൾ ഇത്തവണ കൊയ്ത്തുത്സവം കൂടുതൽ ജനകീയമായി.
കർഷക വേഷത്തിൽ കൊയ്ത്ത് പാട്ടിൻ്റെ ശീലുകൾക്കനുസരിച്ച് കുട്ടി കർഷകർ കൊയ്തെടുത്ത നെന്മണികൾ ചേറും ചോറും തമ്മിലുള്ള ആത്മബന്ധത്തിന് പ്രതീകമാകുമ്പോൾ കൃഷിയെ മനസ്സോടെ ചേർക്കാൻ തയ്യാറായി കുഞ്ഞു കരങ്ങൾ കൂടെയുണ്ട് എന്ന സന്ദേശത്തിനുള്ള വേദികൂടിയായി.
ജനുവരി നാലാം തീയതി ആനകുന്നം ഏലാലയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കൊയ്ത്തുത്സവം വർക്കല എം എൽ എ അഡ്വ.വി.ജോയ് ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമ , ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ കാർഷിക കൂട്ടായ്മകൾ, അധ്യാപകർ, പി.ടി എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.