ആറ്റിങ്ങൽ: ചന്ദനമരച്ചോട്ടിൽ ഉമ്മൻചാണ്ടി സ്മൃതി. പുഷ്പാർച്ചനയും വസ്ത്ര വിതരണവും ഓർമ്മ പുതുക്കലും ആയി ഒത്തുചേർന്നു തുടർന്ന് ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു.
തോന്നയ്ക്കൽ സായിഗ്രാമിലാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിക്കുവാൻ ജനകീയനായ ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവർ ഒത്തുചേർന്നത്. സായിഗ്രാമിൽ വിവിധ പദ്ധതികളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി നിരന്തരം സന്ദർശിച്ചിട്ടുണ്ട്. ഇതിനിടയിൽ 2013 സായി ഗ്രാമത്തിനുള്ളിൽ ഉമ്മൻചാണ്ടി ചന്ദനമര തൈ നട്ടു. ഈ ചന്ദനമരം ഇന്ന് വളർന്ന് വലുതായി. ജന ക്ഷേമപദ്ധതികളുടെ സങ്കേതവും പ്രകൃതി സുന്ദരവുമായ സായി ഗ്രാമത്തിൽ ആറ്റിന്റെ തീരത്തെ ഉമ്മൻചാണ്ടിയുടെ സ്മരണകൾ ഉറങ്ങുന്ന ഓർമ്മ മരത്തിനു ചുറ്റും ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവർ സംഗമിച്ചു. സ്മരണകൾ പുതുക്കി. സായി ഗ്രാമത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. തുടർന്ന് സായി നാരായണാലയത്തിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച് പിരിഞ്ഞു.
ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡന്റും നെഹ്റു സാംസ്കാരിക വേദി ചെയർമാനുമായ ഇളമ്പ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ആർ.എസ് വിജയകുമാരി, എം.ബിന്ദു, സബീല ബീവി, സിന്ധു കുമാരി, എസ്.സജിൻ എന്നിവർ സംസാരിച്ചു.