എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 17 മുതല്‍ 23 വരെ കനകക്കുന്നില്‍

0
8

മന്ത്രിസഭയുടെ നാലാം വാർഷികം: സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 17 മുതല്‍ 23 വരെ കനകക്കുന്ന് പാലസില്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും വിവിധ പദ്ധതികളും അവതരിപ്പിക്കുന്ന മേളയില്‍ പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങളും ലഭ്യമാകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സർക്കാർ നാലാം വാർഷികാഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. വാര്‍ഷികാഘോഷത്തിന്റെ ജില്ലയിലെ സുഗമമായ നടത്തിപ്പിനായി സബ് കമ്മിറ്റികളും യോഗത്തില്‍ രൂപീകരിച്ചു.

കേരളം വികസനത്തിന്റെ പുതിയ ഘട്ടത്തിലാണെന്നും സാങ്കേതിക പുരോഗതി, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ കേരളം ഏറെ പുരോഗതി കൈവരിച്ചുവെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി, കൊച്ചി വാട്ടര്‍ മെട്രോ, മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാത വികസനം എന്നിവ എടുത്തുപറയേണ്ട നേട്ടങ്ങളാണ്. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും സമാനതകളില്ലാത്ത പുരോഗതിയാണ് കേരളം കൈവരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ ആഗ്രഹിച്ച മാതൃകയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

നാലാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മേഖലാ അവലോകന യോഗങ്ങളും വിവിധ രംഗങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി ജില്ലാതല അവലോകന യോഗങ്ങളും സംഘടിപ്പിക്കും. മന്ത്രി വി.ശിവന്‍കുട്ടിയാണ് തിരുവനന്തപുരം ജില്ലയുടെ സംഘാടക സമിതി ചെയര്‍മാന്‍. മന്ത്രി ജി.ആര്‍ അനില്‍ കോ.ചെയര്‍മാനായി പ്രവര്‍ത്തിക്കും. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ കമ്മിറ്റി അംഗങ്ങളാണ്. ജില്ലാ കളക്ടറാണ് ജനറല്‍ കണ്‍വീനര്‍. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറാകും.

സംസ്ഥാന സര്‍ക്കാരിന്റെ സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്ന സ്റ്റാളുകള്‍, വിദ്യാഭ്യാസം, തൊഴില്‍, സാംസ്‌കാരികം, ആരോഗ്യം, പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമം, കലാ സാംസ്‌കാരികം, പ്രദര്‍ശനം, ബിസിനസ് ടു ബിസിനസ് മീറ്റ്, അക്ഷയ, കിഫ്ബി എന്നിങ്ങനെ വിവിധ വകുപ്പുകളുടെ പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. ഷോര്ട്ട് ഫിലിം പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍, ഫുഡ് കോര്‍ട്ട്, കാര്‍ഷിക പ്രദര്‍ശനങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, പുസ്തക മേള എന്നിവയും മേളയില്‍ സജ്ജീകരിക്കും.

ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത്, ഡി.കെ മുരളി, സി.കെ ഹരീന്ദ്രന്‍, വി.ജോയ്, ഒ.എസ് അംബിക, വി.ശശി, മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍ അനു കുമാരി, എഡിഎം ബീന പി ആനന്ദ്, സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.