ആറ്റിങ്ങൽ പട്ടണത്തിൽ ആറാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്‌തു

0
1049

ആറ്റിങ്ങൽ: നഗരസഭ വാർഡ് 13 ൽ അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ അജി മൻസിലിൽ 72 കാരനായ അബ്ദുൾ അസീസ് ആണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രണ്ടാഴ്ച മുമ്പ് വൃക്ക രോഗിയായ അസീസിനെ രോഗം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഒരാഴ്ച മുമ്പ് രോഗം മൂർച്ചിച്ചതിനാൽ ഇയാളെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ദിനംപ്രതി ആരോഗ്യ നില വഷളായിരുന്ന ഇയാൾ ഇന്നലെ രാവിലെ 10.30 ന് മരിക്കുക ആയിരുന്നു. ചെയർമാന്റെ നിർദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ സിദീഖ് മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ എത്തി നടപടികൾ പൂർത്തിയാക്കി മൃതശരീരം ഏറ്റുവാങ്ങി. അബ്ദുൾ അസീസിന്റെ സംസ്കാരം പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അവനവഞ്ചേരി മുസ്ലിം ജുമഅത്ത് പള്ളിയിൽ കബറടക്കി. നഗരസഭ ചെയർമാൻ എം.പ്രദീപ്, കൗൺസിലർ എം.താഹിർ, ജെ.എച്ച്.ഐ അഭിനന്ദ് എന്നിവർ പള്ളിയിലെത്തി കൊവിഡ് ചട്ടങ്ങൾ പാലിക്കുന്നതായി ഉറപ്പ് വരുത്തിയ ശേഷമാണ് മൃതശരീരം മറവ് ചെയ്തത്.

നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരായ വിനോദ്, അജി എന്നിവർ ആംബുലൻസും പള്ളിയും പരിസരവും അണുവിമുക്തമാക്കി.