കെ.എസ്.ആർ.ടി.സി വിദ്യാർഥികൾക്ക് യാത്ര നിയന്ത്രണം കൊണ്ട് വരുന്നു

0
81

തിരുവനന്തപുരം: വിദ്യാർഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വർധിച്ചതിനെത്തുടർന്ന് കെ.എസ്.ആർ.ടി.സി. നിയന്ത്രണമേർപ്പെടുത്തുന്നു. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് പരമാവധി 25 വിദ്യാർഥികൾ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ. നിലവിലെ സാമ്പത്തികസ്ഥിതിയിൽ ഇതിൽക്കൂടുതൽ സൗജന്യം അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോർപ്പറേഷൻ. ആദ്യഘട്ടമെന്നനിലയിൽ അഞ്ചൽ-കൊട്ടിയം റൂട്ടിൽ യാത്രാസൗജന്യം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറങ്ങി.ഓരോ റൂട്ടിലുമുള്ള ബസുകൾ കണക്കിലെടുത്താകും യാത്ര ഇളവിനുള്ള കാർഡുകൾ അനുവദിക്കുക. ആദ്യം അപേക്ഷിക്കുന്നവർക്കാകും മുൻഗണന. കാർഡ് വിതരണത്തിൽമാത്രമാണ് നിയന്ത്രണമുള്ളത്. ബസിൽ 25-ലധികം വിദ്യാർഥികളെ കയറാനനുവദിക്കും. നിയന്ത്രണം നടപ്പാകുമ്പോൾ കെ.എസ്.ആർ.ടി.സി. ബസുകൾ കുറവുള്ള റൂട്ടുകളിൽ അർഹരായ വിദ്യാർഥികളിൽ കുറേപേർക്ക് യാത്രാസൗജന്യം കിട്ടാതെ വരും. സ്വകാര്യബസുകൾകൂടിയുള്ളതിനാൽ ഇവർക്ക് യാത്രാസൗകര്യം കുറയില്ലെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നത്. പ്ലസ്ടുവരെയുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി.യിൽ യാത്ര സൗജന്യമാണ്. സ്വകാര്യബസുകളിൽ നിശ്ചിതതുക നൽകേണ്ടതുണ്ട്.