കൊച്ചിയിൽ മോഡൽ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ എം.ജി റോഡ് അറ്റ്ലാന്റിസ് ജങ്ഷനിലെ ബാർ ഹോട്ടൽ കേന്ദ്രീകരിച്ചും അന്വേഷണം. ഇവിടെ ലഹരി ഇടപാടുകളുണ്ടായോ എന്നാണ് പരിശോധിക്കുന്നത്. ബാറിലെ പാർട്ടിക്കിടെ തനിക്ക് ലഭിച്ച ബിയറിൽ എന്തോ പൊടി ചേർത്തിരുന്നുവെന്നാണ് മോഡലിന്റെ ആരോപണം. ഇതിനുശേഷമാണ് ബോധരഹിതയായതെന്നും അവർ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ബാർ ഹോട്ടലിനെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് നിയമോപദേശം തേടി. ബാറിലെ നിയമലംഘനങ്ങളിൽ പൊലീസ് നിർദേശപ്രകാരം എക്സൈസും ഇടപെട്ടിട്ടുണ്ട്. പെൺകുട്ടിക്ക് നൽകിയ ബിയറിൽ ലഹരി മരുന്നിന്റെ സാന്നിധ്യമുണ്ടായിരുന്നോയെന്ന് പരിശോധിക്കുകയാണ്. ആദ്യഘട്ട പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. എന്നാൽ, വിശദമായ പരിശോധന വേണമെന്നാണ് പൊലീസ് വിലയിരുത്തൽ.
യുവതിക്ക് പൊലീസ് രേഖകൾ പ്രകാരം 19 ആണ് പ്രായം. 23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകാൻ പാടില്ലെന്നാണ് നിയമം. യുവതി ബാറിൽ നൽകിയ തിരിച്ചറിയൽ രേഖപ്രകാരം പ്രായം 25 ആണെന്ന സൂചനയുണ്ട്. ഇത് സംബന്ധിച്ചുള്ള വ്യക്തതക്കുശേഷം നടപടിയെടുക്കും. അനുവദനീയ സമയം കഴിഞ്ഞും മദ്യം വിളമ്പൽ, സ്റ്റോക്കിലെ പൊരുത്തക്കേടുകൾ തുടങ്ങിയവക്ക് ബാർ ഹോട്ടൽ മുമ്പും നടപടി നേരിട്ടിട്ടുണ്ട്.
അറസ്റ്റിലായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പ, കൊടുങ്ങല്ലൂർ സ്വദേശികളായ നിധിൻ, വിവേക്, സുധീപ് എന്നിവർ റിമാൻഡിലാണ്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച എറണാകുളം സൗത്ത് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. വ്യാഴാഴ്ച അര്‍ധരാത്രിയാണ് കാസര്‍കോട് സ്വദേശിനിയായ മോഡൽ നഗരത്തിൽ പീഡനത്തിന് ഇരയായത്. സുഹൃത്തായ ഡിംപിൾ ലാമ്പക്കൊപ്പം ബാറിലെത്തിയ യുവതി മദ്യപിച്ചതിനുശേഷം തളർന്നുവീഴുകയായിരുന്നു. ഈസമയം സഹായത്തിനെത്തിയ മൂവർസംഘം വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ആറാം കിരീടം ലക്ഷ്യമാക്കി ബ്രസീൽ
https://www.facebook.com/varthatrivandrumonline/videos/501646858674127