തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്താക്കിയ 15 പേർക്കും കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം. നവംബർ 4നാണ് സ്പെഷൽ സെനറ്റ് യോഗം. 15 പേരെയും പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചില്ലെന്ന് റജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു. പുറത്താക്കി ഉത്തരവിറക്കാൻ ഗവർണർ അന്ത്യശാസനം നൽകിയിരുന്നു.
15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ (വിസി) ഗവർണർക്കു നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ ഗവർണർ ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ വിസി ശബരിമല ദർശനത്തിന് പോയിരിക്കുന്നതിനാലും ആർക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് റജിസ്ട്രാർ രാജ്ഭവനെ അറിയിച്ചു.
ഒരു സിപിഎം സെനറ്റ് അംഗം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നവംബർ 4ന് സ്പെഷൽ സെനറ്റ് യോഗം ചേരാൻ വിസി ഉത്തരവിട്ടത്. ഗവർണർ പുറത്താക്കിയ 15 പേർക്കും യോഗത്തിൽ പങ്കെടുക്കാൻ വിസി നോട്ടിസ് നൽകിയിട്ടുണ്ട്. നവംബർ 4ന് സെനറ്റ് യോഗം ചേർന്ന് സേർച് കമ്മിറ്റി പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് മന്ത്രി ബിന്ദു പ്രഖ്യാപിച്ചിരുന്നു.ഓഗസ്റ്റിൽ ചേർന്ന സെനറ്റ് യോഗം, ഗവർണർ ഏകപക്ഷീയമായി സെനറ്റ് പ്രതിനിധി കൂടാതെ സേർച് കമ്മിറ്റി വിളിച്ചുകൂട്ടിയ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയ സാഹചര്യത്തിൽ, സർവകലാശാല ചട്ടപ്രകാരം സെനറ്റ് തീരുമാനം പിൻവലിക്കുന്നതിനും മാറ്റം വരുത്തുന്നതിനും ഒരു വർഷം കഴിഞ്ഞു മാത്രമേ കഴിയൂ. ഈ തീരുമാനം പുനഃപരിശോധിക്കണമെങ്കിൽ സെനറ്റിന്റെ പ്രത്യേക യോഗം ചേർന്ന് അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതിനുവേണ്ടി സെനറ്റ് യോഗം ചേരുന്നുവെന്നാണ് സെനറ്റ് അംഗങ്ങൾക്ക് നൽകിയ നോട്ടിസിൽ അറിയിച്ചിട്ടുള്ളത്.
വിവാദമുഖങ്ങളായി നയൻസും വിക്കിയും;വാടകഗർഭധാരണത്തിന്റെ പേരിൽ വിവാദത്തിലായ പ്രമുഖർ