കല്ലമ്പലം: നബിദിനാഘോഷത്തിന്റെ ഭാഗമായി കടുവയിൽ പള്ളി ജുമാ മസ്ജിദിൽ നിന്നും ആരംഭിച്ച നബിദിന റാലിയ്ക്ക് ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണമൊരുക്കി. കുട്ടികൾക്കുള്ള മധുര പലഹാരങ്ങൾ വിതരണം ചെയ്തും, റാലിയിൽ ഭാഗമായവർക്ക് സ്വീകരണമൊരുക്കിയുമാണ് ക്ഷേത്രം ഭാരവാഹികൾ നബിദിന റാലിയെ വരവേറ്റത്. ദേശീയ പാതയിൽ കടുവയിൽ പള്ളിയ്ക്ക് എതിർവശത്തയാണ് ചാങ്ങാട്ട് ശ്രീ ഭഗവതി ക്ഷേത്രം. മുൻപും സാമൂഹിക, സാംസ്‌കാരിക, രംഗത്ത് വ്യത്യസ്തമായ ഇടപെടലുകൾ ക്ഷേത്ര കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികളായ പി.ജയേഷ്, എം.മുകേഷ്, അനൂപ്.എസ്, അഭിലാഷ് ചാങ്ങാട്, ആർ.വിനോദ്, എസ്.പ്രതീഷ്, എസ്.ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വവും നൽകി. കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ ആയ ഇ. ഫസിലുദ്ധീൻ, എ.എം.എ.റഹീം, ഡോ.പി.ജെ.നഹാസ്, എം.എസ്.ഷഫീർ, മുനീർ മൗലവി, മണമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. നഹാസ് എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.