വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി വിവാഹിതയായ യുവതി നൽകുന്ന പരാതിയിൽ ബലാത്സംഗത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈകോടതി. നിയമപരമായി നടത്തിയ വിവാഹം നിലനിൽക്കുമ്പോൾ മറ്റൊരു വിവാഹം സാധ്യമല്ലെന്ന് അറിയാമെന്നിരിക്കെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി നിലനിൽക്കില്ല. ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് പിന്മാറിയാൽ പുരുഷനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന ഉത്തരവ് നിലവിലുണ്ട്. പാലിക്കാനാവില്ലെന്ന ബോധ്യത്തോടെ മനഃപൂർവം വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാനാവൂവെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിൽ പുനലൂർ പൊലീസ് യുവാവിനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. കേസ് റദ്ദാക്കണമെന്ന യുവാവിന്‍റെ ഹരജിയാണ് കോടതി പരിഗണിച്ചത്. .പരാതിക്കാരിയായ യുവതിയും ഹരജിക്കാരനും വിദേശത്ത് വെച്ചാണ് പരിചയത്തിലായത്. ഭർത്താവിൽനിന്ന് യുവതി അകന്നു കഴിയുകയാണെങ്കിലും വിവാഹമോചന നടപടികൾ പൂർത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ഹരജിക്കാരനുമായി അടുപ്പത്തിലാകുന്നതും ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും. വിവാഹം കഴിക്കാമെന്ന ഉറപ്പിലായിരുന്നു ലൈംഗികബന്ധമെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ, വിവാഹിതയായതിനാൽ മറ്റൊരാളെ വിവാഹം കഴിക്കാനാകില്ലെന്ന് അറിയാമെന്നിരിക്കെ യുവതി നൽകിയ പരാതിയിൽ ബലാത്സംഗത്തിന് കേസെടുക്കൽ അസാധ്യമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് റദ്ദാക്കി.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020