പാരിപ്പള്ളി: വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പാരിപ്പള്ളി പൊലീസ് പിടികൂടി. ചാത്തന്നൂർ ഏറം വിഷ്ണു ഭവനിൽ വിഷ്ണുവാണ് (24) അറസ്റ്റിലായത്. കുളത്തൂർക്കോണം ചെന്നൊട്ടിക്കാവ് നീതുഭവനിൽ ഉണ്ണിയെയാണ് (50) പ്രതി ആക്രമിച്ചത്. നട്ടെല്ലിനും കൈയ്ക്കും സാരമായി പരിക്കേറ്റ ഉണ്ണി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെയാണ് സംഭവം. ചെന്നൊട്ടിക്കാവിലെ ഉണ്ണിയുടെ വ്യാപാര സ്ഥാപനത്തിലെത്തിയ വിഷ്ണു വഴക്കുണ്ടാക്കുകയും വാക്കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന ഉണ്ണിയുടെ മകൻ അനീഷ്, രമണൻ എന്നിവരുമായുണ്ടായ പിടിവലിക്കിടെ വിഷ്ണുവിനും നിസാര പരിക്കേറ്റു. പാരിപ്പള്ളി, ചാത്തന്നൂർ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണ് വിഷ്ണു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐമാരായ ജയിംസ്, അനീസ, എ.എസ്.ഐമാരായ ഷാജഹാൻ, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.