തിരുവനന്തപുരം: 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആറു സീറ്റുകൾ നഷ്ടമായി. 13 എണ്ണം നിലനിർത്തുകയും ചെയ്തു. ഒരെണ്ണം മാത്രമാണ് പിടിച്ചെടുക്കാനായത്.
യു.ഡി.എഫ് അഞ്ച് സീറ്റുകൾ എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. എൻ.ഡി.എയും ഒരു സീറ്റ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു.
തിരുവനന്തപുരം കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിൽ എൽ.ഡി.എഫ് സീറ്റ് പിടിച്ചെടുത്തു. യു.ഡി.എഫ് ഭരിച്ചിരുന്ന സീറ്റിൽ സി.പി.എം സ്ഥാനാർഥി ബീന രാജീവ് വിജയിച്ചു.
കൊല്ലം കോർപറേഷനിലെ മീനത്തുചേരി ഡിവിഷനിൽ യു.ഡി.എഫ് 632 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് പിടിച്ചെടുത്തു. വിളക്കുടി പഞ്ചായത്തിലെ ഒന്നാം വാർഡിലും ഇടമുളയ്ക്കൽ പഞ്ചായത്തിലെ നാലാം വാർഡിലും എൽ.ഡി.എഫ് സീറ്റ് നിലനിർത്തി.
ആലപ്പുഴ തണ്ണീർമുക്കം പഞ്ചായത്തിൽ ബി.ജെ.പിയും എടത്വയിൽ എൽ.ഡി.എഫും സീറ്റ് നിലനിർത്തി.
പത്തനംതിട്ട കല്ലൂപ്പാറ 7-ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി രാമചന്ദ്രൻ വിജയിച്ചു. എൽ.ഡി.എഫ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുകയായിരുന്നു.
കോട്ടയം കടപ്ലാമറ്റം വയലാ ടൗൺ വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു.
എറണാകുളം കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. സി.പി.എം സ്ഥാനാർഥി സാബു മാധവൻ 43 വോട്ടിനാണ് വിജയിച്ചത്.
തൃശൂർ കടങ്ങോട് പഞ്ചായത്ത് 14–ാം വാർഡ് ചിറ്റിലങ്ങാട് സി.പി.എം സ്ഥാനാർഥി എം.കെ. ശശിധരൻ സീറ്റ് നിലനിർത്തി.
പാലക്കാട് ജില്ല പഞ്ചായത്ത് ആലത്തൂർ ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി. കടമ്പഴിപ്പുറം പതിനേഴാം വാർഡും വെള്ളിനേഴി പഞ്ചായത്ത് ഒന്നാംവാർഡും എൽഡിഎഫ് നിലനിർത്തി. തൃത്താല പഞ്ചായത്ത് നാലാംവാർഡ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ആനക്കര പഞ്ചായത്ത് 17ാം വാർഡ് യു.ഡിഎ.ഫ് നിലനിർത്തി.
മലപ്പുറം കരുളായി ചക്കിട്ടാമല വാർഡ് യു.ഡി.എഫ് നിലനിർത്തി. 68 വോട്ടിന് ലീഗ് സ്ഥാനാർഥിയാണ് ജയിച്ചത്.
കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്തിലെ 15–ാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. മുസ്‌ലിം ലീഗിലെ പി. മുംതാസ് ആണു വിജയിച്ചത്.
കണ്ണൂരിൽ 3 തദ്ദേശ വാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റുകൾ നിലനിർത്തി. ശ്രീകണ്ഠപുരം നഗരസഭ കോട്ടൂർ വാർഡിൽ കെ.സി അജിത ജയിച്ചു. പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടി വാർഡിൽ ടി. രഗിലാഷും മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ ഇ.പി. രാജനും ജയിച്ചു.
വയനാട് ബത്തേരി നഗരസഭ പാളാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചു.