അഴൂരിൽ കോഴികളെയും തറാവുകളെയും കൊന്നു തുടങ്ങി. ആദ്യ ദിനം മൂവായിരം പക്ഷികളെ കൊന്നു സംസ്കരിച്ചു

0
69

ചിറയിൻകീഴ്: അഴൂരിൽ മുൻ കരുതൽ നടപടികളുടെ ഭാഗമായി കോഴികളെയും തറാവുകളെയും കൊന്നു തുടങ്ങി. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രമായ അഴൂര്‍ പഞ്ചായത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മൂവായിരത്തോളം കോഴികള്‍, താറാവുകള്‍, അരുമപ്പക്ഷികള്‍ എന്നിവയെ തിങ്കളാഴ്ച കൊന്നു സംസ്കരിച്ചു. പക്ഷിപ്പനി പ്രതിരോധത്തിന് ഉള്ള കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗരേഖ പ്രകാരമാണ് കൊന്നൊടുക്കിത്തുടങ്ങിയത്.

മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീമിനാണ് പക്ഷികളെ കൊല്ലുന്നതിനും ഒഴിവാക്കുന്നതിനമുള്ള ചുമതല. ആറ് പേര് വീതമുള്ള എട്ട് ആർ.ആർ.ടി സംഘമാണ് പ്രതിരോധ പ്രവർത്തനത്തിന് ഇറങ്ങിയത്. ഒരു ഡോക്ടർ ഉൾപ്പെടുന്നത് ആണ് ടീം. സുരക്ഷ കിറ്റ് ധരിച്ച് ആണ് ആർ.ആർ.ടി സംഘം എത്തിയത്. തിങ്കളാഴ്ച രാവിലെ മുതൽ സംഘം വീട് വീടാന്തരം കയറി വളർത്തു പക്ഷികളെ പിടികൂടി. പക്ഷി പനി സ്ഥിരീകരിച്ച പെരുങ്ങുഴി ജംഗ്ഷന് സമീപത്തെ സ്വകാര്യ ഫാമിൽ ആണ് ആദ്യമെത്തിയത്. തുടർന്ന് ഇതിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശത്ത് വീടുകളിലും ഫാമുകളിലും എത്തി. കോഴി, അലങ്കാര കോഴികൾ, താറാവ്, അലങ്കാര പക്ഷികൾ എന്നിവയെ ആണ് പിടികൂടിയത്. ഇവയുടെ മുട്ട, തീറ്റ, അവശിഷ്ടങ്ങൾ എന്നിവയും ശേഖരിച്ചു. ഇവയെ അതാത് സ്ഥലത്ത് വെച്ച് പോളിത്തീൻ കവറിൽ അടച്ചു. തുടർന്ന് പ്രത്യേകം ഏർപ്പാടാക്കിയ വാഹനങ്ങളിൽ ശേഖരിച്ചു. ഉച്ചക്ക് ശേഷം കായൽ തീരത്ത് ആൾ താമസം ഇല്ലാത്ത മേഖലയിൽ എത്തിച്ചു കത്തിച്ചു. ആറാട്ട് കടവിന് സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ എത്തിച്ചു ആണ് സംസ്കരിച്ചത്.

 

ഓരോ വീടുകളിൽ നിന്നും ശേഖരിച്ച പക്ഷികൾ, മുട്ട, തീറ്റ എന്നിവ രേഖപ്പെടുത്തുന്നതിന് ഇതോടൊപ്പം ചുമതലപ്പെട്ടവർ ഉണ്ടായിരുന്നു.രണ്ട് മാസത്തിന് മുകളില്‍ പ്രായമുള്ള കോഴി, താറാവ് എന്നിവയ്ക്ക് 200 രൂപയും ചെറിയ പക്ഷികള്‍ക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുള്ളത്. മുട്ട ഒന്നിന് 5 രൂപയും തീറ്റ കിലോയ്ക്ക് 12 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും എന്നറിയിച്ചു. തിങ്കളാഴ്ച ലക്ഷ്യമിട്ട മേഖല പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ചൊവ്വാഴ്ചയും ഈ പ്രവർത്തനം തുടരും.