ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ പുതുജീവൻ വെക്കുന്ന എയർ ഇന്ത്യ 500 വിമാനങ്ങൾ കൂടി സ്വന്തമാക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. എയർബസിൽ നിന്നും ബോയിങ്ങിൽ നിന്നും 1000 കോടി ഡോളറുകൾ വിലമതിക്കുന്ന ജെറ്റ്ലൈനറുകൾ വാങ്ങാനാണ് കരാർ ഒരുങ്ങുന്നത്. എയർബസ് എ 350, ബോയിംഗ് 787, 777 എന്നിവയുൾപ്പെടെ 400 ചെറുവിമാനങ്ങളും നൂറോ അതിലധികമോ വലിയ വിമാനങ്ങളും ഉൾപ്പെടുന്നതാണ് കരാർ. കരാറിന്റെ അന്തിമഘട്ട നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, വാർത്തയോട് എയർബസും ബോയിംഗും പ്രതികരിക്കാൻ വിസമ്മതിച്ചു. ടാറ്റ ഗ്രൂപ്പും പ്രതികരിച്ചിട്ടില്ല.