ആറ്റിങ്ങൽ: അഞ്ചുതെങ്ങ് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം തേടി വ്യാപക സമരങ്ങൾ. പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് അംഗങ്ങളുടെ ധർണ്ണ, പഞ്ചായത്ത് കമ്മിറ്റിയിലും പ്രതിഷേധം. ജല അതോറിറ്റി ഓഫീസിനു മുന്നിൽ സി.പി.എം പ്രതിഷേധം.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് അഞ്ചുതെങ്ങിലെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് യോഗം തടസ്സപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷക്കാലം കൊണ്ട് രണ്ടേകാൽ കോടി രൂപ കുടിവെള്ളത്തിനു വേണ്ടി മാത്രം ചിലവഴിച്ചിട്ടും നാളിതുവരെയും കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലും കണക്ഷൻ നൽകിയെങ്കിലും ഒരു തുള്ളി വെള്ളം പോലും ആർക്കും ലഭ്യമാകുന്നില്ല എന്നും എന്നാൽ മാസാമാസം എല്ലാ വീടുകളിലും വെള്ളക്കരമടക്കാൻ ആയിട്ടുള്ള നോട്ടീസ് ലഭിക്കുന്നതായും പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.
കൂടാതെ സമഗ്ര കുടിവെള്ള പദ്ധതിക്കായി ഒരു കോടി രൂപയോളം കഴിഞ്ഞ രണ്ടു വർഷക്കാലം മുൻകൂറായി വാട്ടർ അതോറിറ്റിയിൽ അടച്ചുവെങ്കിലും നാളിതുവരെയായി ഒരുതരത്തിലുള്ള നടപടിയും ആരംഭിച്ചിട്ടില്ല എന്നതും പ്രതിഷേധത്തിന് കാരണമായി. ഈ വിഷയത്തിൽ ഒരു തരത്തിലുള്ള രാഷ്ട്രീയത്തിനും താൽപര്യമില്ല എന്നും പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനു മുൻപ് ഈ വിഷയം ചർച്ച ചെയ്ത് പരിഹാരത്തിലേക്ക് കടക്കുവാൻ ആയിട്ട് പ്രതിപക്ഷങ്ങൾ ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് പഞ്ചായത്ത് പ്രസിഡൻറ് സ്വീകരിച്ചത്. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം ശക്തമാക്കി.
വേനൽ ആരംഭിക്കുന്നതിനു മുൻപേ കുടി വെള്ള ക്ഷാമം ഇത്രയും രൂക്ഷമായിട്ടും നിസ്സംഗ മനോഭാവമാണ് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് വാർഡ് മെമ്പർമാരായ ജൂഡ് ജോർജ്, യേശുദാസ് സ്റ്റീഫൻ, ശീമാലെനിൻ, ദിവ്യ ഗണേഷ് എന്നിവർ അറിയിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. ഗ്രാമ പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച പ്രതിപക്ഷ അംഗങ്ങൾ കുടങ്ങളുമായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. കുടിവെള്ള പ്രശ്നത്തിന് ശാസ്വത പരിഹാരം കാണുക, ഇതിനായി അടിയന്തരമായി ഉന്നതല കമ്മറ്റി വിളിച്ചുകൂട്ടുക, അടിയന്തരമായി ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധിച്ചത്.
അഞ്ചുതെങ്ങ് പഞ്ചായത്തിൽ രണ്ടാഴ്ചയിലധികമായി കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വാട്ടർ അതോറിറ്റി ആഫീസ് ഉപരോധിച്ചു. കടലിനും കായലിനുമിടയിൽ ഇരുപത്തയ്യായിരത്തോളം വരുന്ന ജനസംഖ്യയുള്ള തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്. കിണറുകളിൽ നിന്ന് ഒരു തുള്ളി കുടിവെള്ളം ലഭിക്കില്ല. ഏകആശ്രയം വാട്ടർ അതോറിറ്റിയെയാണ്. കുടിവെള്ള പദ്ധതികളിൽ ഏറെയും അഞ്ചുതെങ്ങിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. എന്നാൽ വെള്ളം തരാതെ ബുദ്ധിമുട്ടിക്കുന്നതും അഞ്ചുതെങ്ങ് കാരെയാണന്നു സമരക്കാർ പറഞ്ഞു. ആഴ്ചയിൽ രണ്ടു ദിവസം കുടിവെള്ളം നല്കുമെന്ന് വാട്ടർ അതോറിറ്റി രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്ന് ആണ് സി.പി.എം സമരം അവസാനിപ്പിച്ചത്. പാർട്ടി ഏര്യാ കമ്മറ്റിയംഗം അഞ്ചുതെങ്ങ് സുരേന്ദ്രനും ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ.ജറാൾഡും ആറ്റിങ്ങൽ പോലീസ്റ്റേഷൻ എസ്.എച്ച്.ഒ തൻസീമും ചേർന്നു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ആണ് ആഴ്ചയിൽ രണ്ടു ദിവസം വെള്ളം നൽകുമെന്ന രേഖാമൂലം ഉറപ്പ് നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ ,ആൻ്റോ ആൻ്റണി, ജസ്റ്റിൻ ആൽബി, സുനി പി.കായിക്കര, തോമസ്, ജോസ് ചാർളി, ക്രിസ്റ്റഫർ, ഫ്രാൻസീസ്, തുടങ്ങിയവർ നേതൃത്വം നൽകി.