കാട്ടാക്കടയില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമം

0
72

കാട്ടാക്കടയില്‍ മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ വിമുക്തഭടൻ പിടിയിൽ. അയല്‍വാസിയായ അജയകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നാണ് നാടിനെ നടുക്കിയ സംഭവം.

കാട്ടാക്കട അമ്പലത്തുംകാലയില്‍ താമസിക്കുന്ന കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വീട്ടമ്മയും മകളും കൊച്ചുമകനുമാണ് വീട്ടിലുണ്ടായിരുന്നത്. മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനം ജനലിനുള്ളിലൂടെ വീട്ടിനുള്ളിലേക്ക് ഒഴിച്ചശേഷം തീയിടുകയായിരുന്നു.

മുറിക്കുള്ളില്‍ തീപടരുന്നത് കണ്ടതോടെ കുടുംബാംഗങ്ങൾ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. വീട്ടുകാര്‍ രക്ഷപ്പെടാതിരിക്കാൻ വീടിന്റെ മുന്‍വശത്തെ വാതില്‍ അജയകുമാർ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ഫര്‍ണ്ണീച്ചറുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സ്വത്ത് തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നും ഇയാള്‍ നേരത്തെ പീഡനക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.