കോൺഗ്രസുകാർ മദ്യവും ഖാദിയും ഉപേക്ഷിച്ചതുപോലെ എംഎൽഎമാരുടെ അഭ്യർഥന മാനിച്ച് വ്യഭിചാരം കൂടി ഉപേക്ഷിക്കണമെന്ന വിവാദ പരാമർശവുമായി വി.ജോയ് എംഎൽഎ. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് എംഎൽഎ ഹോസ്റ്റലിലും മസ്ക്കറ്റ് ഹോട്ടലിലും ഗെസ്റ്റ് ഹൗസുകളിലും മറ്റ് മുന്തിയ ഹോട്ടലുകളിലും വളകിലുക്കമായിരുന്നുവെന്നും ജോയ് പരിഹസിച്ചു. ഈ വളകിലുക്കം നടത്തിയവരാണ് ഇപ്പോൾ ചില വാട്സാപ്പ് ചാറ്റുകളുടെ പേരിൽ വിമർശനവുമായി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കിടെയാണ് സിപിഎം അംഗവും വർക്കല എംഎൽഎയുമായ വി.ജോയ് വിവാദ പരാമർശം നടത്തിയത്. അപകീർത്തികരമായ പരാമർശം സഭാരേഖകളിൽനിന്ന് നീക്കണമെന്ന് കോൺഗ്രസ് അംഗം പി.സി.വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
‘‘ഇപ്പോൾ കോൺഗ്രസ് എന്തു കോൺഗ്രസാണ്? കഴിഞ്ഞ ദിവസം വി.എം.സുധീരൻ നടത്തിയ തുറന്നുപറച്ചിൽ എന്താണ്? മദ്യപിക്കുന്നവർക്ക് കോൺഗ്രസിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നു. ഖാദി നിർബന്ധമാക്കിയില്ല. ഇതിൽ അദ്ദേഹത്തിനുണ്ടായ മനഃപ്രയാസം പത്രമാധ്യമങ്ങളിൽ പങ്കുവച്ചു കണ്ടു. മദ്യം നിങ്ങൾ ഉപേക്ഷിക്കും, ഖാദി നിങ്ങൾ ഉപേക്ഷിക്കും. യാതൊരു സംശയവുമില്ല. ഇനി കേരളത്തിലെ എംഎൽഎമാരുടെ അഭിപ്രായം മാനിച്ച് വ്യഭിചാരം കൂടി നിങ്ങൾ ഒഴിവാക്കിയാൽ വളരെ നന്നായിരിക്കുമെന്നുള്ള അഭിപ്രായമാണ് എനിക്ക് അതുമായി ബന്ധപ്പെട്ടുള്ളത്’ – ഇതായിരുന്നു ജോയിയുടെ പരാമർശം.
ഇതോടെ കോൺഗ്രസ് അംഗം പി.സി.വിഷ്ണുനാഥ് പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചു. 307 പ്രകാരം അപകീർത്തകരമായ ഈ പരാമർശം രേഖയിൽനിന്ന് നീക്കം ചെയ്യണമെന്നായിരുന്നു വിഷ്ണുനാഥിന്റെ ആവശ്യം. രാജ്യസ്വാതന്ത്ര്യത്തിനായി പോരാടി അതു നേടിയെടുത്ത പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ചൂണ്ടിക്കാട്ടിയ വിഷ്ണുനാഥ്, അതിന്റെ പ്ലീനറി സമ്മേളനത്തിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തതെന്നും വാദിച്ചു. ഇക്കാര്യം വി.എം.സുധീരനെക്കൂടി ബോധ്യപ്പെടുത്തണമെന്നായിരുന്നു ജോയിയുടെ തിരിച്ചടി. മാത്രമല്ല, ചില നേതാക്കൾ പീഡനക്കേസിൽ പ്രതികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.