ബക്കറ്റിൽ കുഴിച്ചിട്ട നിലയിൽ കഞ്ചാവ്, പോലീസ് എത്തിയതും പ്രതി രക്ഷപെട്ടു

0
80

കുറ്റിച്ചൽ : കഞ്ചാവ് വിൽപ്പനയറിഞ്ഞ്‌ എത്തിയ നെയ്യാർഡാം പൊലീസിനെ വെട്ടിച്ച് പ്രതി രക്ഷപ്പെട്ടു. പരിശോധനയിൽ വീടിനോട് ചേർന്ന പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ 11 കിലോയിലേറെ കഞ്ചാവ് കണ്ടെത്തി. കുറ്റിച്ചൽ വള്ളിമംഗലം തകടിയിൽ പുത്തൻവീട്ടിൽ ഷാനു എന്ന മുഹമ്മദ് അൽത്താഫാണ് (25) രക്ഷപ്പെട്ടത്. അടുത്തിടെ ആര്യങ്കോട് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്നുമായി ഒരു പ്രതിയെ പിടികൂടിയിരുന്നു. പ്രതിയിൽനിന്ന്‌ മയക്കുമരുന്ന്‌ ഇടപാട്‌ അൽത്താഫിനും ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച വീട്ടിൽ എത്തിയ പൊലീസിനെ കണ്ട് അൽത്താഫ് ടെറസിൽനിന്നു ചാടി രക്ഷപ്പെട്ടു. ഇൻസ്‌പെക്ടർ എസ് ബിജോയിയുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.