വരുന്നത് കൊട്ടിക്കലാശങ്ങളും, ജാഥകളുമില്ലാത്ത തെരഞ്ഞെടുപ്പ് : തദ്ദേശ തെരഞ്ഞെടുപ്പിന് പുതിയ മാർഗരേഖ പുറത്തിറക്കി

0
1483

തിരുവനന്തപുരം: സംസ്ഥാനത്തു ഡിസംബറിൽ നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് കർശനമായ കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കും. പൊന്നാടയും, നോട്ടുമാലകളും ബൊക്കേകളും പ്രചരണ ജാഥകളും പൊതുയോഗങ്ങളും തെരഞ്ഞെടുപ്പിന് ഉണ്ടാകില്ല. ആഡംബരവും പണക്കൊഴുപ്പും തീരെയില്ലാത്ത തെരഞ്ഞെടുപ്പാണ് വരുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനം മുതൽ സ്ഥാനാർഥികളുടെ പ്രചരണം തുടങ്ങി വോട്ടെണ്ണൽ വരെ കർശനമായ കോവിഡ് മാനദണ്ഡങ്ങൾ നടപ്പാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുൻസിപാലിറ്റികൾ, ആറ് മുൻസിപ്പൽ കോർപറേഷനുകൾ എന്നിവിടങ്ങളിലായി 21865 പ്രതിനിധികളെയാണ് തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കേണ്ടത്. ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരമാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് മുമ്പ് പട്ടികയിൽ പേര് ചേർക്കാൻ ഒരവസരം കൂടി നൽകും.



തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കമ്മീഷൻ പുറത്തിറക്കിയ കോവിഡ് മാർഗനിർദേശങ്ങൾ ചുവടെ…

തെരഞ്ഞെടുപ്പ് മുന്നൊരുക്കം, പത്രികാസമർപ്പണം, സൂക്ഷ്മപരിശോധന

  • തെരഞ്ഞെടുപ്പു ജോലിക്ക് നിയോഗിക്കുന്നജീവനക്കാര്‍ക്കു പരിശീലനം ചെറു ഗ്രൂപ്പുകളായി; എ.സി. ഹാളുകൾ ഉപയോഗിക്കില്ല
  • രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന് ഓരോ പ്രതിനിധി, പരമാവധി 40 പേര്‍
  • പത്രിക സമര്‍പ്പണം ഒരു സമയം ഒരു സ്ഥാനാര്‍ഥിക്കു മാത്രം
  • പത്രിക നല്‍കാന്‍ പരമാവധി മൂന്നുപേര്‍. വരാന്‍ ഒരു വാഹനം
  • പത്രിക സ്വീകരിക്കുമ്പോള്‍ മാസ്‌ക്, കൈയുറ, ഫെയ്‌സ് ഷീല്‍ഡ് നിര്‍ബന്ധമായും ധരിച്ചിരിക്കണം
  • സ്ഥാനാര്‍ത്ഥി കോവിഡ് പോസിറ്റീവാണെങ്കിലോ ക്വാറെന്റെിനിലാണെങ്കിലോ നിര്‍ദേശകനു പത്രിക നൽകാം
  • സൂക്ഷ്മ പരിശോധനയ്ക്ക് വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രവേശനം. പരമാവധി 30 പേര്‍ മാത്രം മതി
  • വോട്ടർമാർ, പാർട്ടികൾ, സ്ഥാനാർഥികൾ എന്നിവർക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബോധവത്കരണം ഉണ്ടാകും
  • പോളിങ് ഉദ്യോഗസ്ഥരുടെ യാത്രയ്ക്ക് നാലു ബൂത്തിന് ഒരു ബസ് ഏർപ്പാടാക്കും

പ്രചാരണം, കൊട്ടിക്കലാശം

  • ആള്‍ക്കൂട്ടങ്ങളും ജാഥയും കൊട്ടിക്കലാശവും ഒഴിവാക്കണം
  • പരമ്പരാഗത പ്രചരണം ഒഴിവാക്കി പകരം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുക
  • പ്രചാരണത്തിനുള്ള ഭവനസന്ദര്‍ശനത്തിന് അഞ്ചു പേര്‍ മാത്രം
  • റോഡ് ഷോ, വാഹനറാലി എന്നിവയ്ക്കു പരമാവധി മൂന്നു വാഹനം മാത്രം
  • തെരഞ്ഞെടുപ്പ് യോഗങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു നടത്തണം
  • പൊതുയോഗത്തിനു പോലീസിന്റെ അനുമതി നിർബന്ധം
  • നോട്ടീസ്, ലഘുലേഖ വിതരണം കുറയ്ക്കണം
  • പ്രചാരണത്തില്‍ മാസ്‌ക്, സാനിറ്റൈസര്‍ ബോധവല്‍ക്കരണവും നടത്തുക
  • സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ വേണ്ട
  • കോവിഡ് പോസിറ്റീവ്/ക്വാറെന്റെന്‍ ആയാല്‍ സ്ഥാനാര്‍ഥി പ്രചാരണത്തിനിറങ്ങരുത്
  • പോളിങ് സ്‌റ്റേഷനുകള്‍ വോട്ടിങ് തലേന്ന് അണുവിമുക്തമാക്കണം

തെരഞ്ഞെടുപ്പ് ദിനം

  • പോളിങ് സ്‌റ്റേഷനില്‍ നാല് പോളിങ് ഉദ്യോഗസ്ഥരും ഒരു അറ്റന്‍ഡറും ഒരു പോലീസ് ഉദ്യോഗസ്ഥനും മതി
  • ബൂത്ത് ഏജന്റുമാര്‍ പത്തില്‍ കൂടരുത്
  • പോളിങ് ഏജന്റുമാര്‍ക്ക് ഇരിപ്പിടം സാമൂഹിക അകലം പാലിച്ച് നിശ്ചയിക്കണം
  • പോളിങ് ഉദ്യോഗസ്ഥര്‍ തലേന്നു മുതല്‍ പോളിങ് സ്റ്റേഷനില്‍ താമസിക്കണം
  • പോളിങ് ബൂത്തിനു പുറത്ത് വെള്ളവും സോപ്പും വേണം. ബൂത്തില്‍ സാനിറ്റൈസർ സജ്ജീകരിക്കണം
  • വോട്ടര്‍മാര്‍ക്കു ക്യൂ നില്‍ക്കാന്‍ അകലമിട്ട് അടയാളപ്പെടുത്തണം
  • സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ക്യൂ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, രോഗികള്‍ ക്യൂ നിര്‍ബന്ധമില്ല
  • സ്ലിപ്പ് വിതരണത്തിന് രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. മാസ്‌ക്, കൈയുറ നിര്‍ബന്ധം
  • വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിച്ചിരിക്കണം
  • വോട്ടര്‍മാര്‍ മാസ്‌ക് ധരിക്കണം, തിരിച്ചറിയല്‍ രേഖ കൈവശം കരുതണം
  • തിരിച്ചറിയാന്‍ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മാസ്‌ക് ഊരണം
  • വോട്ടര്‍മാര്‍ രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം പതിക്കണം
  • ത്രിതല പഞ്ചായത്തുകള്‍ക്ക് മൂന്നു വോട്ട്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ ഒരു വോട്ട്
  • കോവിഡ് പോസിറ്റീവുകാര്‍ക്കും ക്വാറെന്റെനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ഏർപ്പെടുത്തും

വോട്ടെണ്ണൽ, വിജയാഹ്ലാദം

  • കൗണ്ടിങ് ഓഫീസര്‍മാര്‍ കൈയുറ, മാസ്‌ക് ഉപയോഗിക്കണം
  • സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌ക് ധരിക്കണം, സാനിറ്റൈസര്‍ ഉപയോഗിക്കണം
  • ഫലം പ്രഖ്യാപിച്ചശേഷമുള്ള വിജയാഹ്ലാദ പ്രകടനം നടത്താൻ കോവിഡ് മാനദണ്ഡം നിർബന്ധം





[ap_social facebook=”http://facebook.com/varthatrivandrumonline/”]

എരുമക്കുഴി ഇനിമുതൽ പൂങ്കാവനം

https://www.facebook.com/varthatrivandrumonline/videos/400307897667913/