ആറ്റിങ്ങൽ: നഗരത്തിൽ വിരളത്തിന് സമീപം പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ് എന്ന പണമിടപാട് സ്ഥാപനമാണ് താൽക്കാലികമായി അടക്കാൻ നഗരസഭ നിർദ്ദേശിച്ചത്.
കഴിഞ്ഞ ദിവസം ഇവിടുത്തെ 28 കാരനായ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാളുടെ പ്രാഥമിക സമ്പർക്കം കണക്കിലെടുത്താണ് സ്ഥാപനം താൽക്കാലികമായി അടപ്പിച്ചതെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് പറഞ്ഞു. ജെ.എച്ച്.ഐ മാരായ ജി.എസ്.മഞ്ചു, ഷെൻസി എന്നിവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിലെ ജീവനക്കാരുടെ വിവര ശേഖരണം നടത്തി. ഇവിടെ 20 പേരാണ് ജോലി ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ച ജീവനക്കാരൻ കഴിഞ്ഞ ദിവസം വരെ സ്ഥാപനത്തിൽ ജോലിക്ക് എത്തിയത് ഏറെ ആശങ്ക ഉയർത്തുന്നതാണ്.
അതിനാൽ നഗരസഭയുടെ അനുവാദത്തോടെ മാത്രമെ സ്ഥാപനം തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കു. കൂടാതെ നഗരത്തിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിതീകരിച്ചാൽ ഉടനെ മാനേജ്മെന്റൊ ഉടമയൊ നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ എം.പ്രദീപ് അറിയിച്ചു. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ചെയർമാൻ പറഞ്ഞു.