കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനുവദിച്ച 50 ലക്ഷം രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ല എന്ന് അടൂർ പ്രകാശ് എംപി. മാർച്ച് മാസത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.പി ഫണ്ട് ചെലവഴിക്കാം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഗവൺമെൻറ് ഉത്തരവ് പുറപ്പെടുവിച്ച ദിവസം തന്നെ മണ്ഡലത്തിലെ വർക്കല, ചിറയിൻകീഴ്, നെടുമങ്ങാട്, കാട്ടാക്കട എന്നീ നാലു താലൂക്കുകളിലെ സർക്കാർ ആശുപത്രികളിൽ രോഗ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് എംപി ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകുകയുണ്ടായി . ഇതിൽ അന്നത്തെ കളക്ടർ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് മൂലം ഏപ്രിൽ മാസം ഒമ്പതാം തീയതി വീണ്ടും എംപി ഓഫീസിൽ നിന്നും ഇത് ഓർമ്മപ്പെടുത്തിക്കൊണ്ട് കത്ത് നൽകുകയുണ്ടായി. അതിൻ പ്രകാരം ഏപ്രിൽ മാസം ഇരുപത്തി മൂന്നാം തീയതി ഈ ഫണ്ട് ചെലവഴിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറേ ചുമതലപ്പെടുത്തുകയും മണ്ഡലത്തിലെ നാലു താലൂക്കുകളിലെ 5 സർക്കാർ ആശുപത്രികളിൽ ഈ തുക ഉപയോഗിച്ച് സ്ഥാപിക്കേണ്ട പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക അംഗീകരിച്ച് കളക്റ്റർ ഉത്തരവ് നൽകുകയും ചെയ്തിരുന്നു. ഉത്തരവ് പ്രകാരം ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റവും ഉൾപ്പെടെ 11, 66, 199 /-രൂപയും ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ 11, 66, 199 /- രൂപയും വർക്കല താലൂക്ക് ആശുപത്രിയിൽ ICU വെന്റിലേറ്റർ സ്ഥാപിക്കുന്നതിന് 9, 76, 921/- രൂപയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പോർട്ടബിൾ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8, 44, 695/- രൂപയും മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോർട്ടബിൾ ICU വെന്റിലേറ്ററും ICU ബെഡും മൾട്ടിപാരാ മോണിറ്റർ സിസ്റ്റം ഉൾപ്പെടെ ഉള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 8, 44, 695/- രൂപയുമാണ് അനുവദിച്ചത്. എന്നാൽ കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുകയും ജനങ്ങൾ ചികിത്സയ്ക്കും മറ്റ് സൗകര്യങ്ങൾക്കും ഓടി നടക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ പോലും ഈ തുക ചെലവഴിക്കുന്നതിനുള്ള നടപടികൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. പലതവണ എം.പി യും എം.പി ഓഫീസിൽ നിന്നും ഇത് നടപ്പിലാക്കുന്നതിന് വേണ്ടി ഇടപെടലുകൾ ഉണ്ടായിട്ടുപോലും ഇത് നടപ്പിലാക്കുവാനുള്ള മേൽനടപടികൾ സ്വീകരിക്കുവാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. അനുവദിച്ച തുക ചെലവഴിക്കുവാൻ താല്പര്യം കാണിക്കാത്ത സർക്കാരാണ് കോവിഡ് 19 രോഗത്തിന്റെ പേരിൽ ലോകം മുഴുവനും സംഭാവനകൾ സ്വീകരിക്കുവാൻ ഓടി നടക്കുന്നത്. എത്രയും വേഗം എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് കാട്ടി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എം.പി കത്ത് നൽകുകയുണ്ടായി. ഈ കാര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട സർക്കാർ അനുവദിച്ച തുക ചിലവഴിക്കാതെ രാഷ്‌ടീയം കളിക്കുകയാണോ എന്ന് സംശയം ഉള്ളതായി അടൂർ പ്രകാശ് എം. പി അഭിപ്രായപ്പെട്ടു. ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉണ്ടായ ഈ വീഴ്ച ഗൗരവത്തോടെ കാണുന്നു എന്നും ഇത് അന്വേഷിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.
Home Uncategorized കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അനുവദിച്ച 50 ലക്ഷം രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ല ; അടൂർ പ്രകാശ്...