കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ മുഖ്യ പ്രതി നൗഫൽ പിടിയിൽ

0
3461

കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ നൗഫൽ ഷായാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു. ഇന്നലെ അർദ്ധരാത്രിയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തിരിച്ചറിയൽ പരേഡിനു ശേഷം ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.

ഭർത്താവടക്കം 6 പേരെയാണ് ഇന്നലെ പിടികൂടി റിമാൻഡിൽ അയച്ചത്. അപ്പോഴും നൗഫലിനെ കിട്ടിയിരുന്നില്ല. കഠിനംകുളം ചാന്നാങ്കരയിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. യുവതിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതും പീഡിപ്പിക്കുമ്പോൾ ശരീരത്തിൽ മാരകമായ മുറിവേൽപിച്ചതും നൗഫലാണെന്ന് യുവതി മൊഴി നൽകിയിരുന്നു. യുവതിയുടെ മകനെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളായ ചാന്നാങ്കര ആറ്റരികത്ത് വീട്ടിൽ മൻസൂർ (30), അക്ബർഷാ (25), അർഷാദ് (26), മനോജ് (26) എന്നിവരും വെട്ടുതുറ സ്വദേശി രാജൻ(65) എന്നിവരെ സബ് ജയിലിലേക്ക് മാറ്റി. മൻസൂർ, അക്ബർഷാ, അർഷാദ് എന്നിവർക്കെതിരെ പീഡനത്തിനു പുറമേ പോക്സോ നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്.

വ്യാഴാഴ്ചയാണ് തിരുവനന്തപുരം പോത്തന്‍കോട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ബീച്ചിലേക്കെന്ന് പറഞ്ഞാണ് യുവതിയെ ഭര്‍ത്താവ് കൊണ്ടുവന്നത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. വീട്ടില്‍ മന്‍സൂര്‍, അക്ബര്‍ ഷാ, അര്‍ഷാദ്, നൗഫല്‍ എന്നിവര്‍ മദ്യപിച്ചിരിക്കുകയായിരുന്നു. യുവതിക്ക് ഭര്‍ത്താവ് ബലമായി മദ്യം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കിയെന്നാണ് മൊഴി.