പൊന്നുംതുരുത്ത്
കഠിനംകുളം കായലിലെ മനോഹരമായ തുരുത്തുകളിലൊന്നാണ് വക്കം പൊന്നും തുരുത്ത്. കാഴ്ച ഭംഗി കൊണ്ടും ജൈവവൈവിധ്യം കൊണ്ടും ഭൂമി ശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും ഈ ചെറുദ്വീപ് ശ്രദ്ധേയമാണ്. കഠിനംകുളം കായലിന്റെ ഈ ഭാഗം അറിയപ്പെടുന്നത് അകത്തുമുറി കായല്‍ എന്നാണ്. കായലിന്റെ മധ്യ ഭാഗത്തായാണ് തുരുത്ത് സ്ഥിതി ചെയ്യുന്നത്. കായലോര മേഖലയിലും ചതുപ്പ് പ്രദേശങ്ങളിലും കാണപ്പെടുന്ന സസ്യലതാദികളാല്‍ സമ്പന്നമാണ് തുരുത്ത്. കണ്ടല്‍ച്ചെടികളും തുരുത്തിന് പിന്‍ബലമേകുന്നു.
ഹരിതാഭമായ തുരുത്ത് കായലിന്റെ മറുകരകളില്‍ നില്‍ക്കുമ്പോള്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്നുണ്ട്. വക്കം പണയില്‍കടവില്‍ നിന്നും അഞ്ചുതെങ്ങ് നെടുങ്ങണ്ട തീരത്ത് നിന്നും വള്ളത്തില്‍ തുരുത്തിലെത്താം. നാടന്‍ വള്ളങ്ങളും ഹൗസ് ബോട്ടുകളും സ്പീഡ് ബോട്ടുകളും ഇവിടെ സഞ്ചാരികളെ കാത്ത് നില്‍പ്പുണ്ട്. തുരുത്തിന്റെ മധ്യഭാഗത്തായി ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ശിവരാത്രിക്കാണ് ഇവിടെ പ്രധാന ഉത്സവം. ചന്ദ്രപൊങ്കാലയും വിസ്തൃതമായ കായലിലെ നാരങ്ങാവിളക്കുമെല്ലാം വ്യത്യസ്തമായ കാഴ്ചകളാണ്. ഉത്സവത്തിനാണ് തദ്ദേശീയര്‍ ഏറ്റവും കൂടുതല്‍ തുരുത്തില്‍ എത്തുന്നത്. കേരളത്തിലെ ടൂറിസ്റ്റ്‌സീസണില്‍ വിദേശ വിനോദസഞ്ചാരികളുടെ ഇഷ്ട സങ്കേതവുമാണിത്. തിരുവനന്തപുരത്ത് നിന്നും 43 കിലോമീറ്ററും ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയ വര്‍ക്കല നിന്നും 6 കിലോമീറ്ററും അകലെയാണ് പൊന്നും തുരുത്ത്. ഏറ്റവും അടുത്തുള്ള റയില്‍വേസ്റ്റേഷന്‍ കടയ്ക്കാവൂര്‍.
Google Map Direction