കൊറോണ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിനെയും പൊതുജനങ്ങളെയും സഹായിക്കുന്നതിനായി സൈന്യവും എത്തുന്നു. ‘ഓപ്പറേഷൻ നമസ്‌തേ’ എന്നാണ് സൈന്യത്തിന്റെ കൊറോണ പ്രതിരോധ പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേരെന്ന് കരസേന മേധാവി എം.എം.നരവാനെ പറഞ്ഞു.
നിലവിൽ ഇന്ത്യയിലൊട്ടാകെ എട്ട് കൊറോണ ക്വാറന്റൈൻ കേന്ദ്രങ്ങളാണ് സൈന്യം സജ്ജമാക്കിയിരിക്കുന്നത്. മുമ്പ് നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള ഇന്ത്യൻ സൈന്യം ഓപ്പറേഷൻ നമസ്‌തേയും വിജയകരമായി തന്നെ പൂർത്തിയാക്കുമെന്ന് എം.എം.നരവാനെ വ്യക്തമാക്കി.ദൗത്യം പൂർത്തിയാക്കുന്നതിനൊപ്പം തന്നെ സേനാംഗങ്ങൾ ആരോഗ്യവാന്മാരായിരിക്കുകയെന്നത് കരസേനാ മേധാവിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽത്തന്നെ സൈനികരുടെ ആരോഗ്യത്തിനായി മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുമെന്നും എം.എം.നരവാനെ കൂട്ടിച്ചേർത്തു.