കഴക്കൂട്ടത്തിന്റെ ഭാവി മുന്നിൽക്കണ്ടുള്ള വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി കഴക്കൂട്ടത്ത് ഒരു സിവിൽ സ്റ്റേഷൻ നിർമിക്കുകയാണ്. കഴക്കൂട്ടത്ത് വിവിധ ഭാഗങ്ങളിലായി വാടക കെട്ടിടങ്ങളിൽ ചിതറി കിടക്കുന്ന സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ഒരു കുടക്കീഴിലാവും. ഇതോടെ ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ അന്വേഷിച്ചുള്ള അലച്ചിലിൽ നിന്നും മോചനം ലഭിക്കും.
നിലവിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് സിവിൽ സ്റ്റേഷൻ നിർമിക്കുക. ഒരേക്കറോളം വരുന്ന ഈ സ്ഥലത്തെ പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചു മാറ്റിയതിനു ശേഷം അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കുന്നത്. 10 നിലകളിലായി നിർമിക്കുന്ന കെട്ടിടം കഴക്കൂട്ടത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്തുകൊണ്ടാണ് നിര്‍മിക്കുക. ഭാവിയില്‍ മജിസ്ട്രേറ്റ് കോടതിയും താലൂക്കും ലഭിക്കുന്ന പക്ഷം അവ പ്രവര്‍ത്തിക്കുന്നതിനുള്ള സൌകര്യവും സിവില്‍ സ്റ്റേഷനില്‍ ഉണ്ടാവും. മജിസ്ട്രേറ്റ് കോടതിയും താലൂക്കും കഴക്കൂട്ടത്ത് കൊണ്ട് വരുന്നതിനായി ശ്രമിക്കുന്നതാണ്.
ബ്ലോക്ക് ഓഫീസ്, സബ് ട്രഷറി ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വില്ലേജ് ഓഫീസ്, രജിസ്ട്രാര്‍ ഓഫീസ് തുടങ്ങി പതിനഞ്ചോളം സര്‍ക്കാര്‍ ഓഫീസുകള്‍ ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. ബജറ്റില്‍ സിവില്‍ സ്റ്റേഷനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു കൊല്ലത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി സിവില്‍ സ്റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.