വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലും നടന്ന മൂന്ന് അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം പുലർച്ചെ നിലമേൽ ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുൻ എം.എൽ.എ വർക്കല കഹാറിന്റെ മാതൃസഹോദരിക്കും മക്കൾക്കും പരിക്കേറ്റു. കഹാറിന്റെ മാതൃ സഹോദരി കടയ്ക്കൽ കുമിൾ ഇടവലമുക്ക് ദാറുൽസത്തിൽ ഫാത്തിമ്മ (83) അവരുടെ മക്കളായ ഹുസൈൻ (48), നബീസ (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാന പാതയിൽ അമ്പലംമുക്ക് ജംഗ്ഷന് സമീപം മുനിസിപ്പൽ ചെയർമാന്റ ഔദ്യോഗിക വാഹനം ആട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ആട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ആട്ടോ ഡ്രൈവർ ആനാകുടി മഠത്തിൽവീട് സന്തോഷ് ഭവനിൽ സന്തോഷ് കുമാറിനാണ് (27) പരിക്കേറ്റത്. കാരേറ്റ് ഭാഗത്തു നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സന്തോഷ് കുമാർ ഓടിച്ചിരുന്ന ആട്ടോയിൽ എതിർദിശയിൽ വരികയായിരുന്ന പിറവം മുനിസിപ്പൽ ചെയർമാന്റെ ഔദ്യോഗിക വാഹനം നിയന്ത്രണ വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആട്ടോയുടെ മുൻഭാഗം തകർന്നു. ഉള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ വെഞ്ഞാറമൂട് അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർത്ത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെമ്പായം കന്യാകുളങ്ങരയിൽ ആട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്ക്. കന്യാകുളങ്ങര സ്വദേശികളായ മുഹമ്മദ് ബിലാൽ (20), നജ്മൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30 ന് കന്യാകുളങ്ങര കൊച്ചാലുമ്മൂട്ടിലായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന ആട്ടോയുമായി കുട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ബിലാലിനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലും നജ്മലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.