ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന് വ്യാഴാഴ്ച കുറികുറിക്കും. രാവിലെ 8-നുമേൽ 8.30-നകമാണ് കാളിയൂട്ട് കുറികുറിപ്പ് ചടങ്ങ്. തുടർന്ന് ഒൻപത് ദിവസം നീളുന്ന കാളിയൂട്ട് ചടങ്ങുകൾക്ക് ആരംഭമാകും.സമാപനദിനമായ മാർച്ച് ആറിനാണ് നിലത്തിൽപ്പോരും ദാരിക നിഗ്രഹ ചടങ്ങുകളും നടക്കുന്നത്. വ്യാഴാഴ്ച മുടിയുഴിച്ചിൽ നടക്കും.
ഒന്നാം ദിവസത്തെ ഒന്നാം രംഗമെന്ന് വിശേഷിപ്പിക്കാവുന്ന നാന്ദികുറിക്കലാണ് കുറികുറിക്കൽ. ക്ഷേത്രമേൽശാന്തിയിൽ നിന്ന് കാളിയൂട്ട് നടത്തുന്നതിന് അധികാരപ്പെട്ട സ്ഥാനികളുടെ പിൻഗാമികളായ പൊന്നറ കുടുംബത്തിലെ കാരണവർ നീട്ട് വാങ്ങുന്ന ചടങ്ങാണ് കുറികുറിക്കൽ. കാളിയൂട്ട് ചടങ്ങുകൾക്കായി നിയോഗിക്കപ്പെട്ട ഭണ്ഡാരപ്പിള്ള സ്ഥാനിയായ ശാർക്കര ഐക്കരവിളാകം കുടുംബാംഗം കാരേറ്റ്, പേടികുളം, സരസ്വതി ഭവനിൽ ജി.ജയകുമാർ കുറികുറിക്കൽ കർമത്തിന് ആചാരപരമായ കാർമികത്വം വഹിക്കും.
അത്താഴ ശീവേലിക്കുശേഷം ശക്തിപൂജയും തിരിയുഴിയൽ, വെള്ളാട്ടംകളി, കുരുത്തോല തുള്ളൽ എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്ര സന്നിധിയോടു ചേർന്നുള്ള തുള്ളൽപ്പുരയിൽ കുരുത്തോലയാട്ടം, നാരദ പുറപ്പാട്, നായർ പുറപ്പാട്, ഐരാണിപ്പറ പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട് എന്നിവ അരങ്ങേറും. എട്ടാം ദിവസം വൈകീട്ടോടെ മുടിയുഴിച്ചിൽ ആരംഭിക്കും. ഒൻപതാം ദിനമാണ് ശാർക്കര പറമ്പിലെ വിശാലമായ മണൽപ്പുറത്ത് ആയിരങ്ങളെ സാക്ഷിനിർത്തി നിലത്തിൽപ്പോരും ദാരിക നിഗ്രഹവും അരങ്ങേറുന്നത്