കേന്ദ്ര ബഡ്ജറ്റ് നിരാശാജനകം, കേരളത്തിന് കടുത്ത അവഗണന: രമേശ് ചെന്നിത്തല

0
281

തിരുവനന്തപുരം: കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തെ പൂര്‍ണ്ണമായി അവഗണിച്ചതില്‍ പ്രതിപക്ഷ നേതാവ് ശക്തിയായി പ്രതിഷേധിച്ചു.
കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലേക്ക് വീഴുന്ന രാഷ്ട്രത്തിന്റെ സമ്പദ്ഘടനയെ രക്ഷിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികളൊന്നും ബഡ്ജറ്റിലില്ല. ആദായ നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച പ്രതീതി ഉണ്ടാക്കിയെങ്കിലും അത് എന്തു മാത്രം  പ്രയോജനം ചെയ്യുമെന്ന് കണ്ടറിയണം. കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. അത് പരിഹരിക്കുന്നതിനും നടപടി ഇല്ല. വന്‍തകര്‍ച്ച നേരിടുന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ക്ക് പകരം ചില്ലറ പൊടിക്കൈ പ്രയോഗമേ ഉള്ളൂ. പതിവ് പോലെ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കിയിരിക്കുകയാണ്. ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥപനങ്ങളെ ചില്ലറ വിലയ്ക്ക വിറ്റു തുലയ്ക്കുന്ന നടപടി അടുത്ത വര്‍ഷവും തുടരുകയാണ്.
എയിംസ് ഉള്‍പ്പടെ കേരളം ചോദിച്ചതൊന്നും നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ നികുതി വിഹിതം വെട്ടിക്കുറച്ചത് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിക്കും. റബ്ബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യം നിരാകരിച്ച കേന്ദ്ര ബഡ്ജറ്റ് സംസ്ഥാനത്തിന്റെ പരമ്പരാഗത വ്യവസായങ്ങളെ അവഗണിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.