കൊറോണ രോഗത്തെ അകറ്റുന്നതിനായി കൂട്ട പ്രാർത്ഥന നടത്തിയ പാസ്റ്റർക്കെതിരെ കേസെടുത്തു. രോഗം അകറ്റാനായി ഇയാൾ നടത്തിയ പ്രാർത്ഥനയിൽ പങ്കെടുത്ത 9000 പേരും കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്നു. തുടർന്ന്. കൂട്ട പ്രാർത്ഥന നടത്തി രോഗം പരത്തിയെന്ന പരാതിയെ തുടർന്നാണ് ദക്ഷിണ കൊറിയൻ മതനേതാവും പാസ്റ്ററുമായ 88കാരൻ ലീ മാൻ ഹീക്കെതിരെ സർക്കാർ കേസെടുത്തത്.
കൊറിയയിലെ സോൾ നഗരസഭയാണ് സുവിശേഷ യോഗം സംഘടിപ്പിച്ച ലീയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. ഷിൻചെയോഞ്ചി ചർച്ച് ഒഫ് ജീസസിന്റെ അദ്ധ്യക്ഷനായ ഇയാൾക്കെതിരെ നിലവിൽ നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. ഇയാൾക്കൊപ്പമുള്ള അനുയായികളായ 11 പേരും കേസിൽ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് വിവരം. തന്റെ സുവിശേഷ യോഗത്തിൽ പങ്കെടുത്താൽ രോഗബാധയെ ഭയക്കേണ്ടതില്ലെന്ന് ഇയാൾ പറഞ്ഞിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
‘ഞാൻ മിശിഹാ ആണെ’ന്ന ഇയാളുടെ അവകാശവാദത്തെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മാസമാണ് ലീ തന്റെ സുവിശേഷ സമ്മേളനം നടത്തിയത്, തുടർന്ന്, ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇയാൾ ഈ സമ്മേളനം നടത്തിയതെന്നും തെളിഞ്ഞിരുന്നു. ദക്ഷിണ കൊറിയയിൽ ഇതുവരെ കൊറോണ രോഗബാധ മൂലം 21 പേരാണ് മരിച്ചത്. 3730 പേർ നിലവിൽ ചികിത്സയിലാണ്. ഇവരിൽ പകുതിയും ലീ മാൻ ഹീയുടെ അനുയായികളാണെന്നാണ് അധികൃതർ പറയുന്നത്.