തിരുവനന്തപുരം: വിദ്യാദി രാജ ട്രസ്റ്റിന് കീഴിലുളള തീര്‍ത്ഥപാദ മണ്ഡപത്തിനോടനുബന്ധിച്ചുളള 65 സെന്റ് സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കയ്യൂക്കിന്റെ ബലത്തില്‍ ഒരു തീര്‍ത്ഥാടന കേന്ദ്രം ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് ഇതിനെ ബിജെപി കാണുന്നതെന്നും കുമ്മനം പറഞ്ഞു.ചട്ടമ്പിസ്വാമികളുടെ സ്മാരകം ഉയരേണ്ട ഇടമാണിത്. ചട്ടമ്പിസ്വാമിയുടെ ഈ ക്ഷേത്രത്തില്‍ ആരാധന നടത്തുക എന്നത് ജന്മാവകാശമാണ്. ഏറെക്കാലമായി അത് നിര്‍വഹിച്ചു വരികയാണ്. രണ്ട് പട്ടിക കഷണങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അത് അടച്ചു പുട്ടുന്നത് ശരിയല്ലെന്നും തീര്‍ത്ഥപാദ മണ്ഡപം സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇന്നലെ ശിവഗിരി മഠം, ഇന്ന് തീര്‍ത്ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലക്കാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ടെന്നും പദ്മനാഭ സ്വാമിക്ഷേത്രം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യ പടിയാണിതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു. അതേസമയം കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് ഉണ്ടായതെന്നും സ്മാരകം സംരക്ഷിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിദ്യാധിരാജ സഭ ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമികളുടെ സ്മാരകം വിട്ടുനല്‍കുമെന്നുമാണ് കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്.തിരുവനന്തപുരം കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സെന്റ് സ്ഥലമാണ് റവന്യുവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. തീര്‍ത്ഥപാദമണ്ഡപത്തില്‍ പുതിയ സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം അടുത്ത മാസം 10ന് നടത്താനിരിക്കെയാണ് റവന്യു വകുപ്പിന്റെ നടപടി. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു