ആറ്റിങ്ങല്‍: നാല് നൂറ്റാണ്ടായി അണുവിടതെറ്റാതെ തുടരുന്ന ആചാരാനുഷ്ഠാനങ്ങളുടെ നേര്‍സാക്ഷ്യമായി ആറ്റിങ്ങല്‍ കൊല്ലമ്പുഴ തിരുവാറാട്ടുകാവിലെ അരിയിട്ട്‌വാഴ്ചാച്ചടങ്ങ് വ്യാഴാഴ്ച വൈകീട്ട് നടന്നു . നാടിന്റെ കാര്‍ഷികസംസ്‌കൃതിയുമായി ബന്ധപ്പെട്ട ഈ ആചാരം തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവുമായും ബന്ധപ്പെട്ടുകിടക്കുന്നതാണ്.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതാസ്ഥാനമാണ് കൊല്ലമ്പുഴ തിരുവാറാട്ട്കാവ്. എ.ഡി.1305 ല്‍ കോലത്തുനാട്ടില്‍ നിന്ന് ജേഷ്ടാനുജത്തിമാരായ രണ്ട് കുമാരിമാരെ ആറ്റിങ്ങല്‍ കൊട്ടാരത്തിലേയ്ക്ക് ദത്തെടുത്തിരുന്നു. ഇവര്‍ക്ക് കണ്ട് തൊഴാനായി അവരുടെ പരദേവതയായ തിരുവര്‍കാട്‌ദേവിയെ നാന്ദകം വാളിലാവാഹിച്ച് കൊണ്ടുവന്ന് കൊട്ടാരത്തിലെ പള്ളിയറയില്‍ പ്രതിഷ്ഠിച്ചു. പിന്നീട് ക്ഷേത്രം നിര്‍മ്മിച്ച് പ്രതിഷ്ഠനടത്തുകയായിരുന്നു. ഇപ്പോഴുളള ക്ഷേത്രം നിര്‍മ്മിച്ചത് 1753 ല്‍ അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്.
പുരാതനകാലത്ത് 45 ആട്ടവിശേഷങ്ങളുണ്ടായിരുന്നു. വര്‍ഷത്തില്‍ മൂന്ന് ഉത്സവം ഇപ്പോഴും മുറതെറ്റാതെ ഇവിടെ നടക്കുന്നു. ഇതിലൊന്നാണ് മകരമാസത്തില്‍ നടത്തുന്ന അരിയിട്ടുവാഴ്ച
മകരം ഒന്നുമുതല്‍ 10 വരെയാണ് അരിയിട്ടുവാഴ്ചാച്ചടങ്ങുകള്‍. പത്ത് ദിവസവും ക്ഷേത്രത്തിനുള്ളില്‍ കളമെഴുത്തുംപാട്ടും നടക്കും. ദേവിയുടെ പത്ത് ഭാവങ്ങളാണ് ചിത്രത്തിലെഴുതി വര്‍ണിച്ച് പാടുന്നത്. ഒമ്പതാംദിവസമാണ് പ്രധാനചടങ്ങ്. ലോകത്തെവിടെയായിരുന്നാലും തിരുവിതാംകൂര്‍ രാജസ്ഥാനീയന്‍ ഈ ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് വിധി. രാജസ്ഥാനീയനെത്താന്‍ കഴിഞ്ഞില്ല.