പാലക്കാട്: തലയിൽ മുറിവുമായി അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന തെരുവുനായയെ തലക്കടിച്ച് കൊന്നുവെന്ന പരാതിയിൽ കേസ് എടുത്തു. പത്തിരിപ്പാല സ്വദേശി സൈതവലിക്കെതിരെയാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. പത്തിരപ്പാല സെന്ററിൽ വച്ച് കഴിഞ്ഞ എട്ടാം തിയതി രാവിലെ ഒമ്പത് മണിയോടെ, തലയിൽ മുറിവുമായി നടന്ന തെരുവുനായയെ കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഐപിസി ആക്ട് 1860 സെക്ഷൻ 429 പ്രകാരവും, മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം 1960 പ്രകാരവും കേസെടുത്ത് അന്വേഷണം നടത്താനാണ് നിര്‍ദേശം. പാലക്കാട്ടെ സനതാന അനിമൽസ് ആശ്രമം നൽകിയ പരാതിയിൽ നായയെ നാട്ടുകാരനായ സൈതലവി വടികൊണ്ട് അടിച്ച് ക്രൂരമായി കൊന്നുവെന്ന് പറയുന്നതു. ഇയാൾ പരിസരത്തുള്ള തെരുവുനായ്ക്കളെ സ്ഥിരമായി വിഷം കൊടുത്തും തല്ലിയും കൊല്ലാറുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.