കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ രാത്രി ഒപ്പിടാനെത്തിയ ഓട്ടോ ഡ്രൈവറെ സ്റ്റേഷന് മുന്നിലെ തെരുവുനായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് നഗരസഭാ സെക്രട്ടറി ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
മെഡിക്കൽ കോളേജ് മണക്കാട്ടൂർ സ്വദേശി ഒ ശോഭീന്ദ്രനാണ് നായയുടെ കടിയേറ്റത്. രാത്രി മെഡിക്കൽ കോളേജ് പരിസരത്ത് ഓട്ടത്തിന് എത്തുന്നവർ സ്റ്റേഷനിൽ ഒപ്പിടണമെന്നാണ് പൊലീസ് നിർദ്ദേശം. ഇത്തരത്തിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് കടിയേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷന് മുന്നിലും പാർക്കിംഗ് സ്ഥലത്തും നായകളെ പതിവായി കാണാം. വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ ആണ് കേസെടുത്തിരികുന്നത്.