തിരുവനന്തപുരം: ഡോ. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിനെ നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 16ന് രാവിലെ 11 വരെ കസ്റ്റഡിയിൽവിട്ട് തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജിന്‍റേതാണ് ഉത്തരവ്. അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിൻ്റെ ആവശ്യം. പ്രതിയെ ചോദ്യംചെയ്യുന്നതിന് അഞ്ചുദിവസം വേണ്ടെന്നും പ്രതിയുടെ സമൂഹമാധ്യമ വിവരങ്ങൾ ചോദിക്കാൻ ഒരുദിവസം മതിയെന്നും പ്രതിഭാഗം വാദിച്ചു.ഇരുവാദങ്ങളും പരിഗണിച്ചാണ് കോടതി ഉത്തരവ്. അതീവ ഗൗരവമുള്ള കേസെന്ന നിരീക്ഷണത്തോടെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിയെ കരുനാഗപ്പള്ളിയിൽ കൊണ്ടുപോയി തെളിവ് ശേഖരിക്കാനും സമൂഹമാധ്യമ വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
2023 ഡിസംബർ നാലിനാണ് തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ സിറ്റി പ്ലാസ ഫ്ലാറ്റിൽ ഷഹനയെ മരിച്ചനിലയിൽ കണ്ടത്. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ പ്രതി ഡോ. റുവൈസിെൻറ പിതാവ് അബ്ദുൽ റഷീദിനെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. കരുനാഗപ്പള്ളി സ്വദേശിയായ പ്രതി കുടുംബത്തോടൊപ്പം ഒളിവിലാണ്. വീട്ടിൽനിന്നു കാറിൽ രക്ഷപ്പെട്ടതായാണു വിവരം. റുവൈസിൻ്റെ പിതാവാണ് കൂടുതൽ സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്ന് ഷഹനയുടെ ആത്മഹത്യാ കുറിപ്പിലും വാട്സ്ആപ് ചാറ്റുകളിലും വ്യക്തമായിരുന്നു. നിർണായകമായ ഈ തെളിവുകൾ കിട്ടിയെങ്കിലും അതു മറച്ചുവെച്ച് പൊലീസ് നടത്തിയ കള്ളക്കളികളാണ് പ്രതികൾക്ക് രക്ഷപ്പെടാൻ സാധ്യതയൊരുക്കിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ആദ്യമേ ലഭിച്ചിട്ടും അതനുസരിച്ച് കേസെടുക്കാത്തതും അന്വേഷണം നടത്താത്തതും രക്ഷപ്പെടാൻ വഴിയൊരുക്കി. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയനിലയിലാണ്. ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റുവൈസിൻ്റെ പിതാവും സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയെന്ന തെളിവിന്‍റെ അടിസ്ഥാനത്തിലാണ് അബ്ദുൽ റഷീദിനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. റുവൈസിനെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കസ്റ്റഡി അനുവദിച്ചേക്കും.