ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് ഒക്ടോബർ രണ്ടിന് തുടക്കം
പോത്തൻകോട് : കാണികള്‍ക്ക് വേറിട്ട കാഴ്ചകളിലൂടെ ആനന്ദം സമ്മാനിക്കാൻ അനന്തപുരിയുടെ സ്വന്തം കാർണിവൽ പോത്തൻകോട് ശാന്തിഗിരിയിൽ ഒക്ടോബർ രണ്ടിന് തുടക്കമാകും. ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന മൂന്നാം പതിപ്പില്‍ ഒട്ടേറെ പുതുമകളാണ് ഒരുക്കിയിരിക്കുന്നത്. ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു സമീപമുളള അതിവിശാലമായ ജലസംഭരണിയ്ക്ക് ചുറ്റുമാണ് ഇത്തവണ കാർണിവൽ ഒരുക്കുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും. പ്രദർശന – വ്യാപാരമേളകൾക്ക് പുറമെ ഗെയിം ഷോകൾ, കുട്ടികൾക്കുളള വിനോദപരിപാടികൾ, കാർഷിക വിപണന മേളകൾ, നക്ഷത്രവനം, കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌കാരം, ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ, വെൽനസ്സ് സെന്റർ എന്നിവയും ഫെസ്റ്റിലുണ്ടാകും.
വിവിധ രാജ്യങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണരുചികൾ ഉൾപ്പെടുത്തിയുളള ഫുഡ് കോർട്ട് മറ്റൊരാകർഷണമാകും. കേരളത്തിന്റെ തനതു വിഭവങ്ങളും കൊതിയൂറുന്ന നോർത്ത് ഇന്ത്യൻ രുചിക്കൂട്ടുകളും ഫുഡ്കോർട്ടിലുണ്ടാകും. 13,000 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, കടന്നുപോകുന്ന വഴിയിലുടനീളം ഉദ്വേഗം നിറഞ്ഞുനിൽക്കുന്ന ഗോസ്റ്റ് ഹൗസ്, ശാസ്ത്രസാങ്കേതിക വിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, വിസ്‌മയം
ത്രീഡി ഷോ എന്നിവയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഫെസ്റ്റിലുണ്ടാകും. പ്രകാശവിന്യാസം കൊണ്ടുളള വർണ്ണകാഴ്ചകളും പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഹാപ്പിനസ് പാർക്കും താഴ്വാരത്തെ ജലാശയത്തിലെ മ്യൂസിക്കൽ വാട്ടർ ഫൗണ്ടെയ്നുനും ഫെസ്റ്റ് നഗരിയുടെ മുഖ്യ ആകർഷണമാകും.
ഫെസ്റ്റിനോട് അനുബന്ധിച്ച് കല, കായിക അക്കാദമിക് അഭിരുചി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളാക്കായി എക്സ്പോയും ഒരുക്കും. വിദ്യാർത്ഥികൾക്ക് വിവിധങ്ങളായ തൊഴിൽ, ഉപരിപഠന മേഖലകൾ പരിചയപ്പെടുത്തുക, അവരുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കാൻ സഹായകരമാവും വിധമാണ് എക്സ്പോ ഒരുക്കുന്നത്. ജില്ലയിലെ മുന്നൂറോളം സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ, നെറ്റ് ബോൾ, മ്യൂസിക് ബാൻഡ്, ചിത്രരചന, ക്വിസ്, ഫോട്ടോഗ്രാഫി, ട്രഷർ ഹണ്ട്, ഗ്രൂപ്പ് ഡാൻസ് എന്നിങ്ങനെ വിവിധയിനങ്ങളിൽ ഇന്റർ സ്കൂൾ മത്സരങ്ങൾ നടക്കും.
അയ്യായിരത്തിലധികം പേരെ ഉൾക്കൊളളുന്ന ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. എൺപതടി നീളത്തിലും അറുപതടി വീതിയിലും ഒൻപതടി ഉയരത്തിലുമാണ് വേദി. അയ്യായിരം സ്ക്വയർഫീറ്റ് വിസ്തൃതിയുളള വേദിയുടെ പിന്നിൽ എൽ ഇ.ഡി ഭിത്തികൾ ദൃശ്യവിസ്മയം തീർക്കും. പ്രമുഖ പത്ര- ദൃശ്യ മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന മെഗാഷോയും വിശ്വസംസ്ക്രൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കലാകാരൻമാരെ ഉൾപ്പെടുത്തി നടത്തുന്ന കലാജ്ഞലിയും ഈ വേദിയിലാകും നടക്കുക.താമരപർണ്ണശാല സമർപ്പണത്തോടനുബന്ധിച്ച് 2010ൽ നടന്ന ഫെസ്റ്റിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തിലധികം പേരാണ് സന്ദർശകരായി എത്തിയത്. അതുകൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റിൻ്റെ മൂന്നാം പതിപ്പും ഏറെ മുന്നൊരുക്കങ്ങളോടെയാണ് അവതരിപ്പിക്കുന്നതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തിദിനങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയുമാകും പ്രവേശനം.