ആറ്റിങ്ങൽ: ജില്ലയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് വേദിയായി ആറ്റിങ്ങൽ നഗരം.ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ് മുഖ്യവേദിയായി തിരുവനന്തപുരം ജില്ലാ കലോത്സവത്തിന് ആറ്റിങ്ങൽ ആതിഥേയത്വം വഹിക്കും. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഡയറ്റ്, ടൗൺ യു.പി.എസ്, ഡി.ഇ.ഓഫീസ്, ഗവ. കോളേജ് എന്നിവിടങ്ങളിൽ എല്ലാമായി വേദികൾ ഒരുങ്ങും. 14 വേദികൾ ആണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത്. ആതിഥേയ വിദ്യാലയം ആയ ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ അഞ്ച് വേദികളും ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മൂന്ന് വേദികളും ടൗൺ യു.പി.എസിൽ ഒന്നും ഡയറ്റിൽ മൂന്നും, ഡി.ഇ.ഓഫീസ് വളപ്പിലും ഗവ. കോളേജിലും ഓരോ വേദികളും ആണ് നിലവിൽ നിശ്ചയിച്ച് ഒരുക്കുന്നത്.
ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നുള്ള യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 6471 വിദ്യാർത്ഥികൾ ആണ് ഇത്തവണ തങ്ങളുടെ കലാവൈഭവം മത്സര രംഗത്ത് അവതരിപ്പിക്കുവാൻ ആറ്റിങ്ങലിൽ എത്തുന്നത്. അപ്പീലുകൾ പരിഗണിക്കുമ്പോൾ ഏഴായിരം തികയും. ആറ്റിങ്ങൽ ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസിൻ്റെ മുൻ ഭാഗത്ത് ഗ്രൗണ്ടിൽ ആണ് പ്രധാന വേദി ഒരുങ്ങുന്നത്. വേദി-2 സ്‌കൂൾ ഓഡിറ്റോറിയം, വേദി-3 ബാസ്‌കറ്റ് ബോൾ മൈതാനം, വേദി-4 പ്രധാന ഗേറ്റിനരികിലെ സ്‌റ്റേജ്, വേദി-5 ലൈബ്രറി ഹാൾ എന്നിവയാണ് ബോയ്‌സിലെ വേദികൾ.
ഗേൾസ് എച്ച്.എസ്.എസിൽ വേദി-6 സ്‌കൂൾ ഓഡിറ്റോറിയം, വേദി-7 പ്രധാന കെട്ടിടത്തിലെ ഒന്നാം നിലയിലെ ഹാൾ, വേദി-8 സ്‌കൂൾ മൈതാനം. ഗവ.ടൗൺ യു.പി.സ്‌കൂളിലാണ് ഒമ്പതാം വേദി. ഡയറ്റ് സ്‌കൂളിൽ വേദി-10 ഓഡിറ്റോറിയം, വേദി 11-സ്‌കൂൾ മൈതാനം, വേദി-12 പ്രീപ്രൈമറി ഹാൾ. ഡി.ഇ. ഓഫീസിലെ സ്‌കൗട്ട് ഹാളാണ് 13-ാം വേദി, ഗവ.കോളേജ് മൈതാനത്തിലാണ് 14-ാം വേദി.
അഞ്ചിന് രാവിലെ 9 മുതൽ രചനാമത്സരങ്ങൾ ഗവ.ജി.എച്ച്.എസ്.എസിലെ പത്ത് ക്ലാസ് മുറികളിലായി നടക്കും. 10 മണിമുതൽ എല്ലാ വേദികളിലും കലാമത്സരങ്ങൾ ആരംഭിക്കുന്ന വിധമാണ് മത്സര ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.