പാലാ : രാമപുരം പഞ്ചായത്തിലെ ചക്കാമ്പുഴ, ഏഴാച്ചേരി, ചിറകണ്ടം മേഖലകളിൽ ഇന്നലെ കുറുക്കന്റെ ആക്രമണത്തിൽ വീട്ടമ്മയുൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ വിരൽ കടിച്ചെടുത്തു. നടുവിലാമാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി ഭാര്യ ജൂബി എന്നിവരെയാണ് കുറുക്കൻ അക്രമിച്ചത്. രാവിലെ ഏഴരയോടെ മുറ്റത്ത് നിൽക്കുകയായിരുന്ന മാത്തുകുട്ടിയുടെ നേരെ കുറുക്കൻ ചാടി വീഴുകയായിരുന്നു.കടിയേൽക്കാതിരിക്കുവാൻ കുതറി മാറിയെങ്കിലും വീണു.ഇതിനിടയിൽ കുറുക്കൻ കൈയിൽ കടിച്ചു. ശബ്ദം കേട്ട് ഓടി എത്തിയ ഭാര്യ ജൂബിയ്ക്കും കൈക്ക് കടിയേറ്റു. വെളുപ്പിന് ശക്തമായ ഇടിമുഴക്കത്തോടായുണ്ടായ മഴയ്ക്ക് ശേഷം കുറുക്കന്മാർ കൂട്ടത്തോടെ ഓരി ഇടുന്ന ശബ്ദം കേട്ടിരുന്നതായി മാത്തുകുട്ടി പറഞ്ഞു.
രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ഏഴാച്ചേരി സ്വദേശി നെടുംപള്ളിൽ ജോസിനെ കുറുക്കൻ ആക്രമിച്ചത്. കുറുക്കനെ ഓടിക്കുവാൻ ശ്രമിക്കുന്നതിനിടെ ചാടി വന്ന് മൂക്കിന് കടിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റു.നടുവിലാമാക്കൽ ബേബിയുടെ കൈവിരലിൽ ആഴത്തിൽ കടിച്ചു മുറിച്ചു കവിളിലും മുറിവ് ഗുരുതമായി ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നകോട്ട്, ബേബി ഉഴുത്തുവാൽ, ടോബിൻ കെ.അലക്സ്, ജയ്സൺമാന്തോട്ടം, ടോംവളവനാട്ട്, ബിനോയി ചെറു നിലം എന്നിവർ സന്ദർശിച്ചു.പരിക്കേറ്റവരെല്ലാം പാലായിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടി. കുറുക്കനെ പടികൂടാനായില്ല.
രാമപുരം, കരൂർ പഞ്ചായത്തുകളിലെ കുറ്റിക്കാടുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും കുറുക്കൻമാർ നേരത്തേ മുതൽ ധാരാളമുണ്ട്. രാത്രികാലങ്ങളിൽ കൂട്ടമായി ഓരിയിടുന്ന ഇവറ്റകൾ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കോഴിയെ പിടുത്തവും വിള നശിപ്പിക്കലും സ്ഥിരമാണ്. എന്നാൽ മനുഷ്യനെ ആക്രമിക്കുന്നത് ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് കുറുക്കനെക്കൂടാതെ നരി ,കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി എന്നിവയുടെ ശല്യവും രൂക്ഷമാണ്.നിരവധി തവണ അ ധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.